National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. ന്യൂഡൽഹിയിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു കൂടിക്കാഴ്ച. വികസന കാര്യങ്ങളും വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനകാര്യമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല. രാത്രി 7.20ന്റെ വിമാനത്തിൽ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചരയോടെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സതീശൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുമായുള്ള 20 മിനിറ്റ് കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങും.
National
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സഹായം, സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികൾക്കുള്ള അനുമതി, വിവിധ കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പദ്ധതികളുടെ ഏകോപനം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പുതിയ മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര ഭരണനേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് മേയ് 18നാണ് വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്.
National
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഭരണഘടനയെ ആക്രമിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ചില വ്യവസായികൾക്ക് വിറ്റുതുലയ്ക്കുകയും ചെയ്ത ഇവർ രാജ്യദ്രോഹികൾ ആണെന്ന് രാഹുൽ വിമർശിച്ചു.
ബി.ആർ.അംബേദ്കർ, മഹാത്മ ഗാന്ധി, നാരായണഗുരു, കബീർ, ഗുരുനാനാക്ക്, വീര പാസി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടായ ശബ്ദവും പ്രത്യയശാസ്ത്രവുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.
മോദിയും അമിത് ഷായും ഇന്ത്യയെ വിൽക്കുകയും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയുമാണ് ചെയ്തത്. നരേന്ദ്രമോദി ഹിന്ദുസ്ഥാന്റെ സമ്പത്ത് മുഴുവൻ നിങ്ങളുടെ പോക്കറ്റുകളിൽ നിന്ന് തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും കൈമാറി. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളെ രാജ്യദ്രോഹിയെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും രാഹുൽ ചോദിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ യഥാർഥ പരിവർത്തനം സംഭവിക്കാൻ പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ടത്തിനായുള്ള പ്രചാരണത്തിന് ചൂടേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ രണ്ടാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണ രംഗത്ത് സജീവമാണ്.
ഇതിനിടെയാണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ബിജെപിക്ക് അനുകൂലമായിരുന്നതായി അമിത് ഷാ അഭിപ്രായപ്പെട്ടത്. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണവും ബിജെപി നേടുമെന്നാണ് അമിത് ഷായുടെ അവകാശവാദം.
രണ്ടാം ഘട്ടത്തിലും ഇതേ രീതിയിലുള്ള മികച്ച പ്രതികരണം പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാലുടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഏഴു രാജ്യസഭാംഗങ്ങളെ ഒരുമിച്ച് ബിജെപിയിലെത്തിച്ച ഓപ്പറേഷൻ താമരയ്ക്കു നടപ്പാക്കിയതു ഗറില്ലാ മോഡൽ യുദ്ധ തന്ത്രം.
ഒളിവിൽ പതിയിരുന്ന് എതിരാളിയെ ആക്രമിച്ചു കീഴ്പ്പെടുത്തി ശക്തി നേടുന്നതിൽ ബിജെപി ഒരിക്കൽ കൂടി മുന്നിലെത്തി. കഴുകനെപ്പോലെ പതിയിരുന്നു കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന ലാഘവത്തോടെയാണ് ഉടക്കി നിന്നവരെയും കേജരിവാളിന്റെ വിശ്വസ്തരായിരുന്നവരെയും അടക്കം ബിജെപി റാഞ്ചിയത്.
ഡൽഹിയിൽ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ശ്രദ്ധ പശ്ചിമബംഗാളിൽ ആയിരുന്നപ്പോഴാണ് അതീവരഹസ്യമായി ബിജെപി അതിന്റെ "സിഗ്നേച്ചർ ഗറില്ലാ യുദ്ധ ശൈലി’ പുറത്തെടുത്തത്.
ആഭ്യന്തരമന്ത്രി അമിത് ഷാ കോൽക്കത്തയിൽ ക്യാന്പ് ചെയ്തു ഡൽഹിയിൽ നടപ്പാക്കിയ രാഷ്ട്രീയ അട്ടിമറിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വലുതാണ്. മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയും സമ്മർദങ്ങളിലൂടെയുമാണ് എംപിമാരെ വശത്താക്കിയത്.
അയോഗ്യത ഒഴിവാക്കാനാവശ്യമായ ഏഴ് എംപിമാരെ സംഘടിപ്പിക്കാനായിരുന്നു കാലതാമസം. അടുത്ത വർഷത്തെ പഞ്ചാബ്, ഗോവ, ഗുജറാത്ത്, യുപി നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ 2019ലെ ലോക്സഭ വരെയുള്ള തെരഞ്ഞെടുപ്പുകൾക്കുള്ള തയാറെടുപ്പു കൂടിയാണു നിശബ്ദമായി ബിജെപി നടപ്പിലാക്കിയത്.
പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും 2027 ഫെബ്രുവരിയിലാണു നിയമസഭാ തെരഞ്ഞെടുപ്പ്. അടുത്ത വർഷം മേയിൽ യുപി തെരഞ്ഞെടുപ്പുണ്ട്.
2027 നവംബറിലാകും മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ. അതിജീവനത്തിനായുള്ള പോരാട്ടമാകും ഇനി എഎപിയുടേത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് ഭരണ മാറ്റത്തിന്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ പറഞ്ഞു.
ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് കണ്ടത്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനം വലിയ ഉത്സാഹമാണ് കാട്ടിയത്. നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരും. മമത ബാനർജിക്ക് ഇനി നിലനിൽപില്ല.
രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തും ആദ്യഘട്ടത്തിൽ 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും മമതയുടെ നുണകൾക്ക് ഇനി ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീസുരക്ഷ എന്തെന്ന് ഇനി ബംഗാൾ തിരിച്ചറിയും. മണ്ണിന്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി. പതിനായിരം കോടിരൂപയുടെ അഴിമതിയാണ് മമതയുടെ കാലത്ത് നടന്നത്.
അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടും നുഴഞ്ഞു കയറ്റക്കാരെ തടയും ഭൂമി കൈയേറ്റം തടയും കടന്നു ചെല്ലാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി ആ ആത്മവിശ്വാസമാണ് ബംഗാളിലുമുള്ളത് പോളിംഗ് ശതമാനത്തിലെ വർധന ഭരണ വിരുദ്ധ വികാരമെന്ന് വ്യക്തമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: 2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണയ ബില്ലിലും പാർലമെന്റിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ സഖ്യത്തിലെ ഓരോ എംപിമാരും വനിതാ സംവരണത്തെ എതിർക്കുകയാണ്. പ്രതിപക്ഷം എതിർക്കുന്നത് വനിതാ സംവരണത്തെയല്ല മറിച്ച് അത് നടപ്പിലാക്കുന്നതിനെയാണെന്നും അമിത് ഷാ പറഞ്ഞു. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സീറ്റുകൾ വർധിപ്പിക്കുന്നതിനേയും എതിർക്കുകയാണ്.
ലോക്സഭ സീറ്റുകൾ കൂടുമ്പോൾ സംവരണ സീറ്റുകൾ കൂടും. വനിതാ ശാക്തീകരണത്തിനും ഭരണഘടനാ പരിഷ്കരണത്തിനുമുള്ള സർക്കാരിന്റെയും നരേന്ദ്ര മോദിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യസമയത്ത് നടപ്പിലാക്കുക എന്നതാണ്.
2029ലെ തെരഞ്ഞെടുപ്പ് വനിതാ സംവരണത്തോടെ തന്നെ നടത്തണമെന്നും അമിത് ഷാ പറഞ്ഞു. മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്.
മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്. അതേസമയം വോട്ടെടുപ്പ് കഴിഞ്ഞ് ലോക്സഭ പിരിഞ്ഞതിനുശേഷം എൻഡിഎ എംപിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.
വനിത സംവരണ ബിൽ ഭേദഗതി പാസായശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എംപിമാരുടെ ആകെ എണ്ണം 129ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിൽകിയത്.
ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് ഇരുപതിൽ നിന്ന് മുപ്പതാകും. ക്സഭയിൽ കേരളത്തിന്റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾക്ക് അവതരണാനുമതി നൽകിയത്
അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. മൂന്ന് ബില്ലിന്മേലും 12 മണിക്കൂർ ചർച്ചയാകാമെന്നും വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും വ്യക്തമാക്കി.
ബില്ലുകളെ എതിർക്കുവാണെന്ന് കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ഭരണം നേടുക എന്നും അമിത് ഷാ അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ ബിജെപി അധികാരത്തിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തെരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.
മമത സർക്കാരിനെ പുറത്താക്കുക എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക. നുഴഞ്ഞുകയറ്റക്കാർ നമ്മുടെ യുവാക്കളുടെ തൊഴിൽ തട്ടി എടുക്കുന്നു. പാവപ്പെട്ടവരുടെ അരി തട്ടി എടുക്കുന്നു. മെയ് അഞ്ചിന് നുഴഞ്ഞുകയറ്റക്കാർ ബംഗാൾ വിടേണ്ടി വരും. മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ല.
"മമത സർക്കാരിന് കീഴിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മമത അടങ്ങുന്ന പ്രതിപക്ഷം രാം ലല്ലയെ ടെന്റിൽ വച്ചു. ബിജെപി സർക്കാർ രാമ ക്ഷേത്രം നിർമ്മിച്ചു. ഹുമയൂൺ കബീർ മമതയുടെ അനുയായി. ബംഗാളിൽ ബാബ്റി മസ്ജിദ് പണിയാൻ ശ്രമിച്ചു. അത് അനുവദിക്കില്ല.'-അമിത് ഷാ വ്യക്തമാക്കി.
ഇത്രയും കാലം മുഖ്യമന്ത്രി അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചു. അതിനാൽ അധികാരത്തിൽ വന്നതിനുശേഷം, ഞങ്ങളുടെ പ്രധാന ദൗത്യം അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുക എന്നതാണ്. രാജ്യത്തെ അനധികൃത നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ബിജെപിയുടെ ദൗത്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Kerala
കുന്നംകുളം: എപ്സ്റ്റീൻ ഫയലുകൾ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ മോദിയും അമിത് ഷായും ചേർന്നു നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി.
കുന്നംകുളത്തു സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷികമേഖലയും ഡാറ്റയും ഊർജസുരക്ഷയും കരാറിലൂടെ മോദി അടിയറവച്ചു. ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകിയ ആദ്യത്തെ പ്രധാനമന്ത്രിയാകും മോദി.
ട്രംപിനെ മോദി ‘സർ’ എന്നാണു വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് മോദിയോടുള്ള ബന്ധവും അതുപോലെയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയാണ് കാരണം. ഞാൻ മോദിയെ നേരിട്ട് എതിർക്കുന്നയാളാണ്. എന്റെ ലോക്സഭാംഗത്വം അടക്കം സസ്പെൻഡ് ചെയ്തിരുന്നു. മണിക്കൂറുകൾ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തു. മുഖ്യമന്ത്രിക്കെതിരേ ഒരു കേസുപോലും എടുത്തില്ല.
എല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളെക്കുറിച്ചു വാചാലനാകുന്ന മോദി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു മിണ്ടിയില്ല. കരുവന്നൂർ അടക്കമുള്ള കേസുകൾ ഉപയോഗിച്ചാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്.
മോദിയെപ്പോലെ മുഖ്യമന്ത്രിക്കും ധാർഷ്ട്യമാണ്. കേരളത്തെ രക്ഷിക്കാൻ മറ്റാരുമില്ലെന്നാണ് അദ്ദേഹം കരുതുന്നത്. വിദ്യാസന്പന്നരായ ലക്ഷക്കണക്കിന് ആളുകളെ അപമാനിക്കുന്നതിനു തുല്യമാണിത്. മോദിയും മുഖ്യമന്ത്രിയും മാത്രമാണ് ഭരിക്കാൻ യോഗ്യരെന്നാണ് അവർ കരുതുന്നത്.
കേരളത്തിൽ മൂന്നിലൊന്നുപേർക്കു തൊഴിലില്ല. ഇടതുപക്ഷവുമായി ബന്ധമുള്ളവർക്കുമാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. ആറുലക്ഷം കോടിയുടെ കടക്കെണിയിലാണ് കേരളം.
എതിർക്കുന്നവരെ ആക്രമിക്കും. കുന്നംകുളത്തു വി.എസ്. സുജിത്തിനെ കള്ളക്കേസിൽ കുടുക്കി പോലീസിനെക്കൊണ്ടു മർദിച്ചു. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയവരെ ആക്രമിച്ചു.
ഇറാനിലെയും യുക്രെയ്നിലെയും യുദ്ധം തുടർന്നാൽ പെട്രോളിന്റെയും ഗ്യാസിന്റെയും വില ഉയരും. ഇതു മുന്നിൽകണ്ടാണ് യുഡിഎഫ് ജനങ്ങൾക്ക് ആശ്വാസമുള്ള പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. അച്ചടിവ്യവസായത്തിന്റെ കേന്ദ്രമായിരുന്നു കുന്നംകുളം. ഈ മേഖലയെ പഴയ പ്രൗഢിയിലേക്കു കൊണ്ടുവരാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി വൈസ് പ്രസിഡന്റ് ദീപ ദാസ് മുൻഷി, തെലുങ്കാന മന്ത്രി ഡി. ശ്രീധർ ബാബു, സ്ഥാനാർഥികളായ രാജൻ ജെ. പല്ലൻ(തൃശൂർ), പി.ടി. അജയമോഹൻ(കുന്നംകുളം), ശിവൻ വീട്ടിക്കുന്ന് (ചേലക്കര), സി.എച്ച്. റഷീദ് (ഗുരുവായൂർ), സുനിൽ ലാലൂർ(നാട്ടിക), പി.എൻ. വൈശാഖ് (വടക്കാഞ്ചേരി), കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ പങ്കെടുത്തു.
Kerala
ഹരിപ്പാട്: ശബരിമല സ്വർണക്കൊള്ള നടത്തിയവരെ ജയിലിലടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുനമ്പത്തു 600 കുടുംബങ്ങളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിച്ചതു എൽഡിഎഫും യുഡിഎഫുമല്ല, വഖഫ് ഭേദഗതി ബില്ലിലൂടെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരാണെന്നു തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ അമിത് ഷാ ഓർമിപ്പിച്ചു.
ഹരിപ്പാട് എത്തിയ അമിത് ഷാ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റോഡ് ഷോയിലും പങ്കെടുത്തു. തുറന്ന ജീപ്പിൽ സ്ഥാനാർഥിയോടൊപ്പം എഴിക്കകത്ത് ജംഗ്ഷൻ വഴി ടൗൺ ഹാൾ ജംഗ്ഷന് തെക്ക് ഭാഗത്തുള്ള എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വരെയായിരുന്നു റോഡ് ഷോ.
തെയ്യം, പഞ്ചവാദ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പര്യടനം.
Kerala
കൊച്ചി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിന്റെ പണി തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തെരഞ്ഞെടുപ്പ് എൻഡിഎയെ കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ളതാണ്. സഖ്യം അധികാരത്തിലെത്തുന്നതോടെ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐക്ക് കൈമാറി രണ്ടു മാസത്തിനുള്ളിൽ കുറ്റവാളികളെ ജയിലിലടയ്ക്കും. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അഴിമതിക്കാരാണ്.
കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം. കേരളത്തിനു പുറത്ത് കോൺഗ്രസും സിപിഎമ്മും പ്രണയിതാക്കളാണ്. എന്നാൽ കേരളത്തിൽ അവർ ശത്രുക്കളായി അഭിനയിക്കുകയാണ്. ഇവിടെ റോഡിലെ ബോർഡുകളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളത്.
ഇത്തവണ കേരളത്തിലെ എ ടീം ബിജെപിയാണ്. കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളത്തിൽ സാക്ഷരത കൂടുതലാണ്. എന്നാൽ ജോലി വേണമെങ്കിൽ ഗൾഫിലേക്ക് പോകണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014ൽ എൻഡിഎയുടെ വോട്ട് ശതമാനം14 ആയിരുന്നു.
2019ൽ 16 ആയും 2024ൽ 20 ശതമാനവുമായി ഉയർന്നു. ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്നതിന്റെ സൂചനയാണിതെന്നും അമിത് ഷാ പറഞ്ഞു.
Kerala
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് പര്യടനം നടത്തുന്നു. ഇന്ന് രാവിലെ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ നടന്ന വമ്പിച്ച റോഡ് ഷോയോടെയാണ് അദ്ദേഹം പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
ബേപ്പൂരിലെ പരിപാടികൾക്ക് ശേഷം അമിത് ഷാ ഇന്ന് വൈകിട്ട് മൂന്നിന് കുന്നത്തുനാട് മണ്ഡലത്തിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് കാട്ടാക്കടയിൽ എൻഡിഎ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തിൽ സംസാരിക്കും.
രാത്രി തിരുവനന്തപുരം ഹയാസിന്ത് ഹോട്ടലിൽ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.
നാളെ രാവിലെ 11 മണിക്ക് ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതിക്കായി അമിത് ഷാ റോഡ് ഷോ നടത്തും. ഗാന്ധി സ്ക്വയർ മുതൽ മാതാ ജംഗ്ഷൻ വരെയാണ് ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: എഫ്സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്കാ മെത്രാൻ സമിതി. ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്.
എല്ലാ പാർലമെന്റ് അംഗങ്ങൾക്കു നിവേദനം നൽകി. ബില്ല് നാളെ ലോക്സഭയിൽ ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ഡൽഹിയിലെത്തി വിഷയത്തിൽ ഇടപെടണമെന്നാണ് സിബിസിഐ നിലപാട്.
ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് പറഞ്ഞ അമിത് ഷാ ആയുധം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും അറിയിച്ചു. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് ബസ്തറിൽ ആദിവാസികളെ കോൺഗ്രസ് സർക്കാരുകൾ അവഗണിച്ചതെന്നും അമിത് ഷാ ചോദിച്ചു.
National
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപത്രം പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിക്കെതിരേ കുറ്റപത്രമൊരുക്കി മമത ബാനര്‍ജിയുടെ തിരിച്ചടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷ, ക്രമസമാധാനത്തകർച്ച എന്നിവ എടുത്തുപറഞ്ഞാണ് മമതയുടെ പ്രതിരോധം.
ഇന്നലെ രാവിലെ കോല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തൃണമൂല്‍ സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രം അമിത് ഷാ അവതരിപ്പിച്ചത്. ഭയത്തിന്റെയും അഴിമതിയുടെയും സംഘര്‍ഷത്തിന്റെ യും പതിനഞ്ചു വര്‍ഷങ്ങളാണു ബംഗാളിൽ കടന്നുപോയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കുറ്റവാളികളുടെ നാടായി മാറിയ പശ്ചിമബംഗാള്‍ ഇന്നു വ്യവസായങ്ങളുടെ ശവക്കുഴിയാണ്.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സാമ്പത്തിക തകര്‍ച്ച, ഭരണപരാജയങ്ങള്‍ തുടങ്ങിയ ജനങ്ങളുടെ മുന്നിലെത്തിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അമിത് ഷാ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അടുത്തമാസം 23 നും 29നുമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 28ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സന്ദർശന വേളയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി ഒരു ഔദ്യോഗിക 'കുറ്റപത്രം' പുറത്തിറക്കും.
തൃണമൂൽ സർക്കാരിന്റെ അഴിമതികൾ, ഭരണപരാജയങ്ങൾ, ക്രമസമാധാന തകർച്ച എന്നിവ അക്കമിട്ട് നിരത്തുന്ന രേഖയായിരിക്കും അമിത് ഷാ പുറത്തിറക്കുന്നത്. നിയമനങ്ങളിലെ ക്രമക്കേടുകൾ, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയിൽ കുറ്റപത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിലെ 'ദുർഭരണവും അഴിമതിയും' തുറന്നുകാട്ടുന്ന വിശദമായ ശ്വേതപത്രവും ബിജെപി ഇതിനൊപ്പം പുറത്തുവിടും.
സംസ്ഥാനത്തെ ഖനന മേഖലയിലടക്കമുള്ള 'മാഫിയാ രാജ്' അവസാനിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളുടെ കടത്ത് തടയുന്നതും ബിജെപി പ്രധാന പ്രചാരണ വിഷയമാക്കും. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പത്രിക ഏപ്രിൽ ആദ്യവാരം പുറത്തിറക്കാനാണ് പദ്ധതിയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ, സ്ത്രീക്ഷേമം എന്നിവയ്ക്കായിരിക്കും പത്രികയിൽ മുൻഗണന നൽകുക.
National
ന്യൂഡൽഹി: കേന്ദ്രം ഉടനെ പാർലമെന്റിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (ജനറൽ അഡ്മിനിസ്ട്രേഷൻ), 2026 ബില്ലിൽ ആശങ്കകൾ അറിയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ.
ബില്ലിനെതിരെ വിവിധ കേന്ദ്ര സായുധ സേനകളുടെ (സിഎപിഎഫ്) സംഘടനകൾ ഉയർത്തിക്കാട്ടുന്ന ആശങ്കകൾ ഗൗരവമായി കാണണമെന്നും തിരുത്തൽ വേണമെന്നും ആവശ്യപ്പെട്ടു ശശി തരൂർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
അതേസമയം, രാജ്യസഭയുടെ ലിസ്റ്റ് ഓഫ് ബിസിനസിൽ ഇന്നലെ ഉൾപ്പെട്ടിരുന്നെങ്കിലും ബിൽ അമിത് ഷാ ഇന്നലെ സഭയിൽ അവതരിപ്പിച്ചില്ല. കേന്ദ്ര സായുധസേനകളിലെ ഉന്നത തസ്തികകൾ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കുന്ന പുതിയ ബിൽ സായുധസേനകളെ ഒരൊറ്റ നിയമച്ചട്ടക്കൂടിലൂടെ ഏകീകൃതമാക്കുന്നതാണ്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ക്രോഡീകരിച്ചുകൊണ്ട്, സിഎപിഎഫിലെ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) പോസ്റ്റുകളുടെ 67 ശതമാനത്തിലും ഡെപ്യൂട്ടേഷനിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനമാണ് നടക്കേണ്ടതെന്ന് കരട് ബിൽ വ്യക്തമാക്കുന്നുണ്ട്.
ഇൻസ്പെക്ടർ ജനറൽ (ഐജി) തലത്തിലുള്ള 50 ശതമാനം തസ്തികകളും സ്പെഷൽ ഡയറക്ടർ ജനറൽ (എസ്ഡിജി), ഡയറക്ടർ ജനറൽ തസ്തികകളുടെ നൂറ് ശതമാനവും ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരിലേക്കാണെത്തുന്നതെന്ന് പുതിയ നിയമം ഉറപ്പാക്കുന്നു.
ഐജി റാങ്ക് വരെയുള്ള സിഎപിഎഫുകളിലെ ഐപിഎസ് ഡെപ്യൂട്ടേഷനുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ’ക്രമേണ കുറയ്ക്കാൻ’ ആഭ്യന്തരമന്ത്രാലയത്തിനോട് ആവശ്യപ്പെട്ട 2025 മേയ് 23ലെ സുപ്രീം കോടതി വിധിയെ നിരാകരിക്കുന്നതാണ് ബിൽ.
ഇത് ചൂണ്ടിക്കാട്ടി സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്നും വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിക്ക് അയക്കണമെന്നും തരൂർ അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം വൻ നിരയെത്തുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തുമ്പോൾ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ എത്തും.
സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ഗോവ മുഖ്യമന്ത്രിയും എത്തും.
ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മൂന്നാം പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര അടക്കം പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.
National
ചണ്ഡീഗഢ്:നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിൽ ആദ്യം നടപ്പിലാക്കുന്നത് മതപരിവർത്തന നിരോധന നിയമമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്നും മോഗയിൽ ബിജെപി സംഘടിപ്പിച്ച റാലിയിൽ അമിത് ഷാ വ്യക്തമാക്കി.
ഇതോടെ ശിരോമണി അകാലിദളുമായി സംഖ്യം സംബന്ധിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമായി. വരുന്ന തെരഞ്ഞെടുപ്പിൽ സ്വന്തം സർക്കാരുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്.
അധികാരം ലഭിച്ചാൽ മയക്കുമരുന്ന് വ്യാപനം അവസാനിപ്പിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. നിലവിലെ ക്രമസമാധാനനില കാണുമ്പോൾ ഇവിടെ ഒരു സർക്കാരുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചുള്ള റാലിയാണ് മോഗയിലെ കിള്ളി ചാഹ്ലാനിൽ നടന്നത്. ശിരോമണി അകാലിദളുമായി നേരത്തെ ബിജെപി സഖ്യത്തിലായിരുന്നു.
National
ന്യൂഡൽഹി: സ്പീക്കറുടെ അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ സ്പീക്കറുടെ പെരുമാറ്റത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്ത പ്രതിപക്ഷത്തിന് അമിത് ഷാ കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.
"സ്പീക്കറുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് എന്ത് അവകാശമാണുള്ളത്? സഭയ്ക്കുള്ളിൽ കണ്ണുചിമ്മുന്നതും ഫ്ലൈയിംഗ് കിസ്സുകൾ നൽകുന്നതുമാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന സഭാ മര്യാദ?" എന്ന് അമിത് ഷാ പരിഹസിച്ചു.
സ്പീക്കറുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേലുള്ള ചർച്ച ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കടുത്ത രാഷ്ട്രീയ യുദ്ധമായി മാറി. പ്രതിപക്ഷ ബഹളത്തെ മറികടന്നാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.
പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സഭയിൽ ബഹളം വെക്കുന്നതിനിടെയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം. "സ്പീക്കറുടെ സത്യസന്ധതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും" അമിത് ഷാ പറഞ്ഞു.
എംപിമാരെ സസ്പെൻഡ് ചെയ്യുന്നത് സ്പീക്കറുടെ വ്യക്തിപരമായ തീരുമാനമല്ല, മറിച്ച് സഭയുടെ മര്യാദകൾ ലംഘിക്കുമ്പോൾ സ്വീകരിക്കേണ്ടി വരുന്ന അച്ചടക്ക നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിൽ തോൽക്കുമെന്ന് ഭയന്നാണ് പ്രതിപക്ഷം ബഹളം വെച്ച് സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളുടെ മൈക്ക് ഓഫാക്കുന്നുവെന്ന പരാതി സഭയിൽ വീണ്ടും ഉയർന്നു.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയതോടെ സഭ പ്രക്ഷുബ്ധമായി.
പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് ഗൗരവ് ഗൊഗോയ് സംസാരിച്ചത്. സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത ഗൊഗോയ്, പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
ഗൊഗോയ്യുടെ പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. സ്പീക്കറുടെ പദവിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, ചട്ടങ്ങൾ പാലിക്കാതെ സഭ തടസപ്പെടുത്തുന്നവരാണ് നിഷ്പക്ഷതയെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കർ സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷത്തിന് ചർച്ചകളിൽ താത്പര്യമില്ലെന്നും ബഹളം വെച്ച് സഭ സ്തംഭിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും റിജിജു പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് തന്നെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തിൽ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തിൽ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോൺഗ്രസിന് എതിരായിരുന്നു. എന്നാൽ, ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഈ മാറ്റം.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെപ്പിലും കോൺഗ്രസിനെയായിരുന്നു മുഖ്യശത്രുവായി ബിജെപി കണക്കാക്കിയത്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി കേന്ദ്ര നയത്തിനോട് യോജിച്ച സമീപനമായിരുന്നു ഇത്.
ഇരു മുന്നണികളെയും എതിർക്കുന്ന മൂന്നാം മുന്നണി എന്ന നയം എൻഡിഎ കാലങ്ങളായി തുടരുന്നു എങ്കിലും സംസ്ഥാനത്തു പ്രാദേശികമായ വിട്ടുവീഴ്ചകൾ കോൺഗ്രസിനോട് അധികം ഇല്ലായിരുന്നു . പ്രത്യേകിച്ചും മോദി - അമിത് ഷാ കാലം മുതൽ.
സിപിഎമ്മും കോൺഗ്രസും പരസ്പരം ബിജെപി ബന്ധം ആക്ഷേപിക്കുന്നുണ്ടെങ്കിലും ബിജെപിക്കകത്തു സമീപകാലത്ത് സിപിഎമ്മിനേക്കാൾ ശത്രുത കോൺഗ്രസിനോട് ആയിരുന്നു.കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ച കാലഘട്ടത്തിൽ പോലും നയം അങ്ങനെയായിരുന്നു.
അമിത് ഷായുടെ നീക്കം
രാജ്യമെമ്പാടുനിന്നു നക്സൽ സ്വാധീനം പാടെ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർനയത്തിന്റെ ഭാഗമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള നയത്തിലും മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ നക്സൽ വേട്ടയ്ക്കു പിണറായി സർക്കാർ വേണ്ടത്ര പിന്തുണ നൽകിയെങ്കിലും പാർട്ടിയിലെ ബുദ്ധിജീവിഭാഗവും സിപിഐയും അതിനെ എതിർത്തതു കേന്ദ്രം ശ്രദ്ധച്ചിട്ടുണ്ട്.
മാത്രമല്ല വയനാട് ഉൾപ്പെടെ കേരളത്തിലെ പല ഭാഗങ്ങളിലും നക്സൽ സ്വാധീനം നിലനിൽക്കുന്നതിന്റെ കാരണം ഇടതു സ്വാധീനമാണെന്നും അവർ കരുതുന്നു. കമ്യൂണിസ്റ്റ് പാർട്ടികളെയും നക്സൽ തീവ്രവാദത്തോടു ബന്ധിച്ചു കാണാനാണ് അമിത് ഷായുടെ നിർദേശം.
ഭരണവും വോട്ട് മറിക്കലും
കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം തുടർച്ചയായി മൂന്നു ടേം വരികയും കോൺഗ്രസ് 15 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കുകയും ചെയ്താൽ രണ്ടു മുന്നണികളും ദുർബലമാകുമെന്ന ബിജെപിയുടെ വിലയിരുത്തലിലും മാറ്റം ഉണ്ടാകും. പിണറായി സർക്കാർ മൂന്നാം വട്ടം വന്നാൽ ബംഗാളിലെ പോലെ സിപിഎം സംഘടനാ സംവിധാനം സ്വയം അഴുകി നശിച്ചുപോകുമെന്നാണ് നിലവിൽ ബിജെപി വിലയിരുത്തിയിരുന്നത്.
സ്ഥിരമായ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് ആകട്ടെ നിലനിൽപ്പിനായി കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ചില മണ്ഡലങ്ങളെങ്കിലും സിപിഎമ്മിനു മറിഞ്ഞതായി കരുതുന്നവരും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി രഹസ്യമായി ചിലയിടങ്ങളിലെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതുന്നവരും ഉണ്ട്.
എന്നാൽ, അത്തരം രഹസ്യ ബന്ധത്തോടോ വോട്ടു മറിക്കലിനോടോ അനുകൂല നയം വേണ്ടെന്നു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പിണറായി സർക്കാരിനെതിരായ പല സമരഘട്ടങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി നിന്നില്ലെന്ന ആക്ഷേപം ഉണ്ടായതും ഇതേ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ .
ശബരിമല സ്ത്രീ പ്രവേശനം, സ്വർണപ്പാളി പ്രശ്നം, ഇഡിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകൾ എന്നിവയിലൊന്നും ബിജെപി വേണ്ടത്ര ചടുലമായ സമരമുറകൾ സ്വീകരിച്ചില്ല എന്നു കരുതുന്നവരുണ്ട്.
പിണറായിക്കെതിരായ അഴിമതിക്കേസുകളിലും കേന്ദ്ര ബിജെപി നേതൃത്വം പോലും മൃദുല നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. മറിച്ച് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം പോലുള്ളവയിൽ സിപിഎമ്മിന്റെ സഹായം ബിജെപിക്കു കിട്ടിയതായി കരുതുന്നുമുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.
വോട്ട് ബാങ്കിൽ നോട്ടം
കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ ന്യൂനപക്ഷ സമുദായങ്ങൾ ആയതിനാൽ കോൺഗ്രസിനെ പാടെ ഇല്ലാതാക്കാനോ കോൺഗ്രസ് മുന്നണിയെ ദുർബലമാക്കാനോ അത്ര എളുപ്പമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വവും മനസിലാക്കുന്നുണ്ട് .ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനം കൂട്ടാൻ പാർട്ടി നടത്തിയ ശ്രമങ്ങൾ ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ല.
എന്നാൽ, സിപിഎമ്മിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രധാന അംഗങ്ങളും പിന്തുണയും ഹിന്ദു വിഭാഗത്തിൽനിന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണെന്ന നിരീക്ഷണം കേന്ദ്രനേതൃത്വത്തിനുണ്ട്. കോൺഗ്രസിനെ തകർത്തു മുഖ്യപ്രതിപക്ഷം ആകുന്നതിനേക്കാൾ നല്ലത് സിപിഎമ്മിനെ ചെറുത്തു മുന്നിലേക്കു വരുന്നതാണ് നല്ലതെന്നാണ് പുതിയ വിലയിരുത്തൽ.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കേന്ദ്ര സർക്കാർ.
2027 സെൻസസിനുവേണ്ടി രണ്ട് ഭാഗ്യചിഹ്നങ്ങളും നാല് ഡിജിറ്റൽ ടൂളുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ അവതരിപ്പിച്ചു.
പുരുഷന്മാരുടെ പ്രതീകമായി വികാസെന്നും സ്ത്രീകളുടെ പ്രതീകമായി പ്രഗതിയെന്നുമാണ് ഭാഗ്യചിഹ്നങ്ങൾക്കു പേരിട്ടിരിക്കുന്നത്.
2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുന്നതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള തുല്യ പങ്കാളിത്തമാണ് ഈ ഭാഗ്യചിഹ്നങ്ങൾ പ്രതീകവത്കരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
National
ന്യൂഡൽഹി: സംസ്ഥാനത്തിന് കൂടുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബുധനാഴ്ചയായിരുന്നു സന്ദർശനം.
യോഗത്തിൽ, തെലങ്കാനയുടെ പോലീസ് ആവശ്യങ്ങൾ ഗണ്യമായി വർദ്ധിച്ചുവെന്നും ശക്തമായ ഐപിഎസ് കേഡർ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ കേഡർ അവലോകനം 2016 ൽ നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ൽ നടക്കേണ്ടിയിരുന്ന അടുത്ത അവലോകനം വൈകി, 2025 ൽ അത് പൂർത്തിയായി. ഏഴ് അധിക ഐപിഎസ് ഉദ്യോഗസ്ഥരെ മാത്രമേ അനുവദിച്ചുള്ളുവെന്നും അദ്ദേഹം അമിത് ഷായെ ഓർമിപ്പിച്ചു.
തെലങ്കാനയിൽ അനുവദനീയമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലുള്ള 83 ൽ നിന്ന് 105 ആയി ഉയർത്തണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നിശ്ചയിച്ചതുപോലെ മൂന്നാമത്തെ കേഡർ അവലോകനം കാലതാമസമില്ലാതെ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തെലങ്കാനയിലും സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ തുടങ്ങിയ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദ്, സൈബരാബാദ്, മൽക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റുകളുടെ പുനഃസംഘടന, ഫ്യൂച്ചർ സിറ്റി കമ്മീഷണറേറ്റ്, ഹൈദരാബാദിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവ മൂലമുള്ള ഭരണപരമായ സമ്മർദ്ദം വർദ്ധിച്ചുവരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
മാവോയിസ്റ്റ് കീഴടങ്ങലുകളും പുനരധിവാസവും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിംഗ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഈ കാലയളവിൽ 591 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെലങ്കാനയിലെ പിന്നോക്ക പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി രേവന്ത് റെഡ്ഡി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം തേടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. ശേഷാദ്രി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ബി. ശിവധർ റെഡ്ഡി, ഇന്റലിജൻസ് അഡീഷണൽ ഡിജിപി വിജയ് കുമാർ, എസ്ഐബി ഐജിപി ബി. സുമതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവാനെയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെച്ചൊല്ലി ലോക്സഭയിൽ ബഹളം. വിഷയം പരാമർശിക്കാനൊരുങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും അടക്കമുള്ളവർ എഴുന്നേറ്റതോടെ ലോക്സഭ സ്തംഭിച്ചു.
രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപിക്കാർ തുടങ്ങിയ ബഹളത്തിൽ മൂന്നുതവണ നിർത്തിവച്ചശേഷം ലോക്സഭ ഇന്നലെ ഉച്ചകഴിഞ്ഞ് പൂർണമായി സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണു നാടകീയരംഗങ്ങളും അഭൂതപൂർവമായ ബഹളങ്ങളുമുണ്ടായത്.
കോണ്‍ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തു ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് മറുപടി പറയാൻ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞായിരുന്നു ‘ദ് കാരവൻ’ മാസികയിൽ വന്ന നരവാനെയുടെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ വായിക്കാൻ രാഹുൽ ആവർത്തിച്ചു ശ്രമിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 2020ൽ ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ള കേന്ദ്രസർക്കാരിലെ ഉന്നതരിൽനിന്നു അനുമതിയോ വ്യക്തമായ തീരുമാനമോ ഉണ്ടായില്ലെന്ന മുൻ കരസേനാധിപന്റെ വെളിപ്പെടുത്തലിനെ ചൊല്ലിയായിരുന്നു പാർലമെന്റിലെ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥും ഷായും ചേർന്നു തുടർച്ചയായി രാഹുലിന്റെ പരാമർശങ്ങളെ എതിർത്തത്.
മുൻ കരസേനാധിപൻ നരവാനെ ഒരു മാസികയിൽ എഴുതിയ കാര്യങ്ങൾ താൻ പാർലമെന്റിൽ പറയുന്നത് നൂറു ശതമാനം ഉത്തരാവാദിത്വത്തോടെയാണെന്ന് രാഹുൽ ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു. മാസികയിൽ വന്നത് പൂർണമായും ശരിയാണെന്നും കാരവൻ മാസികയുടെ വിവാദ ലക്കത്തിന്റെ പ്രിന്റൗട്ട് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രിയെയും നരവാനെ പരാമർശിച്ചിട്ടുണ്ടെന്ന് ഇരുവരെയും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.
പുറത്തിറങ്ങാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന കാര്യം ഉദ്ധരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. തുടർന്ന് ചട്ടം 349 (i) അനുസരിച്ച് മാസികയിൽനിന്ന് ഉദ്ധരിക്കരുതെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി.
എന്നാൽ, പത്രമാസികകളിൽനിന്നും പുസ്തകങ്ങളിൽനിന്നും എംപിമാർ പലതവണ ഉദ്ധരിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കറും മന്ത്രിമാരും വഴങ്ങിയില്ല. രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗൗരവമായ കാര്യം ഉന്നയിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇതേസമയം, രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനറൽ നരവാനെ വെളിപ്പെടുത്തിയ പ്രശ്നം ഇന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ പിന്നീട് പറഞ്ഞു. പ്രതിപക്ഷ നേതാവും ലോക്സഭയുടെ ഉപനേതാവും അഞ്ച് തവണ എംപിയുമായ രാഹുലിനെ പാർലമെന്റിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാത്ത സമീപനം ലജ്ജാകരവും അപകടകരവുമാണെന്ന് കോണ്‍ഗ്രസ് എംപിമാർ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
National
ന്യൂഡൽഹി: ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ പാസ്റ്റർക്കെതിരേയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഝിക്കും കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിനു പിന്നാലെ ഭയം മൂലം ഏഴു ക്രൈസ്തവ കുടുംബങ്ങൾ അവരുടെ ഭവനങ്ങളിൽനിന്ന് ഒഴിയാൻ നിർബന്ധിതരായി. ഇത്തരം പ്രവൃത്തികൾക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല.
പാസ്റ്റർക്കെതിരേയുണ്ടായ ആക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അതു തടയുന്നതിൽ പരാജയപ്പെട്ടതും സംബന്ധിച്ച് സമയബന്ധിതമായ റിപ്പോർട്ട് നൽകാൻ ഒഡീഷ സർക്കാരിനോട് ഉത്തരവിടണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ബിജെപിയുടെ "മിഷൻ 2026' അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി' എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളെ അമിത് ഷാ അഭിസംബോധന ചെയ്തു.
ഇന്ന് തലസ്ഥാന നഗരിയിൽ ബിജെപി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡിഎഫും യുഡിഎഫും തമ്മിൽ 'മാച്ച് ഫിക്സിംഗ്' ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.
കോർ കമ്മിറ്റി യോഗങ്ങളിലും ബിജെ പി - എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ പത്തരയോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയ അമിത് ഷാ, 20 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് ഷായെ സ്വീകരിച്ചു. ബിജെപി സംസ്ഥാന നേതൃസമ്മേളനത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത്.
ഉച്ചകഴിഞ്ഞ് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുണ്ട്. ബിജെപിയുടെ എപ്ലസ്, എ കാറ്റഗറി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം, സീറ്റ് വിഭജനം എന്നിവ ഇന്നത്തെ യോഗങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും.
രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തി. തലസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് യോഗം ചേരും. യോഗത്തിൽ 100 ദിവസം നീളുന്ന മിഷൻ 2026 പ്രഖ്യാപിക്കും.
'വികസിത കേരളം, വിശ്വാസം സംരക്ഷണം, അപകട രാഷ്ട്രീയം' എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് മിഷൻ 2026ന്റെ പ്രഖ്യാപനം. നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടോടെ സംസ്ഥാനം വികസിപ്പിക്കുമെന്നതാണ് വികസിത കേരളം മുദ്രാവാക്യത്തിൽ ചൂണ്ടിക്കാട്ടുക.
ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പങ്ക് തുറന്നുകാട്ടുക, വിശ്വാസികൾക്കൊപ്പമുള്ളത് ബിജെപിയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുക എന്നതാണ് വിശ്വാസം സംരക്ഷണ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ബിജെപി കോർ കമ്മിറ്റിക്കൊപ്പം എൻഡിഎ നേതൃതയോഗത്തിലും പങ്കെടുത്ത് പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് അമിത്ഷാ മടങ്ങുക.
Kerala
തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴ് മുതൽ 11.30 വരെയും ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് ക്രമീകരണം.
ശനി രാത്രി ഏഴ് മുതൽ 11. 30 വരെ ഡൊമസ്റ്റിക് എയർപോർട്ട് ശംഖുമുഖം ഓൾ സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, പഞ്ചാപുര, ബേക്കറി ഫ്ലൈഓവർ, പനവിള, കലാഭവൻ മണി റോഡ്, വിമൻസ് കോളജ്, ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.
ഞായർ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്,
വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്റ്റോ ജംക്ഷൻ, മോഡൽ സ്കൂൾ ജംക്ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം.
National
ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.
'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.
പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.
Kerala
ന്യൂഡൽഹി: ഭീകരവാദ ഗ്രൂപ്പുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാ നിർദേശം നൽകി.
ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ മിഷൻ മോഡിൽ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാഷ്മീരിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
Kerala
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് മുന്നിൽ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ച് ബിജെപി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരം പങ്കിടണമെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ഉപാധി.
എൻഡിഎ സഖ്യം തമിഴ്നാട്ടിൽ വിജയിച്ചാൽ മൂന്ന് മന്ത്രിപദവികൾ നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിൽ 234 നിയമസഭാ സീറ്റുകളിൽ 56 ഇടങ്ങളിൽ ബിജെപി മത്സരിക്കുമെന്നും അമിത് ഷാ അറിയിച്ചു. എന്നാൽ അമിത് ഷായുടെ ആവശ്യത്തോട് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് എടപ്പാടി കെ. പളനിസ്വാമിയുടെ മറുപടി.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയുമായി ഇത്തരത്തിലൊരു ധാരണയുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്നാണ് എഐഎഡിഎംകെ ക്യാമ്പിലുള്ളത്.
National
മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.
National
ന്യൂഡൽഹി: വന്ദേമാതരത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസിലാകാത്തവർ ആത്മപരിശോധന നടത്തണമെന്നും, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുമായി അതിനു ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വന്ദേമാതരം ചൊല്ലി കോണ്‍ഗ്രസുകാർ ജയിലിലേക്കു പോയപ്പോൾ ബ്രിട്ടീഷുകാർക്കുവേണ്ടി വിടുപണി ചെയ്ത ബിജെപിയുടെ മുൻഗാമികൾ ദേശഭക്തി പഠിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഓർമിപ്പിച്ചു.
ഷായും ഖാർഗെയും ആരോപണ-പ്രത്യാരോപണങ്ങളുമായി കൊന്പുകോർത്തതോടെ രാജ്യസഭയിൽ വന്ദേമാതരം ചർച്ചയ്ക്കു ചൂടേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ തിങ്കളാഴ്ച തുടങ്ങിയ ചർച്ചയ്ക്കു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ തിരിച്ചടികളുടെ തുടർച്ചകൂടിയായി രാജ്യസഭയിലെ ഇന്നലത്തെ ചർച്ച. ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു വന്ദേമാതരം ചർച്ച നടത്തിയതെന്ന പ്രിയങ്കയുടെ ആരോപണത്തിനു മറുപടി പറയാൻ ഷാ മറന്നില്ല.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കാൻ ചർച്ച നടത്തുന്നതിനെ ചിലർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ബംഗാൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു വന്ദേമാതരം ചർച്ച ചെയ്യുന്നതെന്ന് ചിലർ കരുതുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. വന്ദേമാതരത്തിന്റെ സ്രഷ്ടാവായ ബങ്കിം ചന്ദ്ര ബംഗാളിൽ ജനിച്ചുവെന്നതു ശരിയാണ്. പക്ഷേ വന്ദേമാതരം ബംഗാളിലോ ഇന്ത്യയിലോ മാത്രമായി ഒതുങ്ങിനിന്നില്ല. ദേശീയഗീതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണ്.
സ്വാതന്ത്ര്യസമര സേനാനികൾ ഒളിത്താവളങ്ങളിൽ ഒത്തുകൂടിയപ്പോൾ അവർ വന്ദേമാതരം പറഞ്ഞു. ലോകത്തിലെവിടെയും ഇന്നും അതു തുടരുന്നു. അതിർത്തികളിലെ സൈനികരും സുരക്ഷാചുമതലയുള്ളവരും ജീവൻ ബലിയർപ്പിക്കുന്പോൾ അവരുടെ ചുണ്ടിലെ വാക്കുകൾ വന്ദേമാതരം തന്നെയാണ്. 150 വർഷത്തിലേറെയായി ഈ ഗാനം നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്- ഷാ പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വന്ദേമാതരം വിഭജിച്ച് 50-ാം വാർഷികത്തിൽ രണ്ടു ഖണ്ഡികകളിൽ ഒതുക്കിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രീണനം അവിടെയാണ് ആരംഭിച്ചത്. ആ പ്രീണനം വിഭജനത്തിലേക്കു നയിച്ചു. പ്രീണനനയം കാരണം വന്ദേമാതരം വിഭജിക്കപ്പെട്ടില്ലെങ്കിൽ വിഭജനം സംഭവിക്കില്ലായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു- മോദിക്കു പിന്നാലെയും ഷായും ആരോപണം ആവർത്തിച്ചു.
രൂപയുടെ വിലയിടിവ്, സുരക്ഷാവീഴ്ചകൾ, വിമാനസർവീസുകളിലെ തകർച്ച, രൂക്ഷമായ വായുമലിനീകരണം തുടങ്ങി ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് വന്ദേമാതരം ചർച്ചയെന്ന് ഖാർഗെ ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം.
ഒരു വിഷയത്തിലും ചർച്ചകളെ സർക്കാർ ഭയപ്പെടുന്നില്ലെന്ന് ഷാ പറഞ്ഞു. ഏതു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് രാജ്യസഭയുടെ നേതാവുകൂടിയായ മന്ത്രി ജെ.പി. നഡ്ഡ പിന്നീട് പറഞ്ഞു. വന്ദേമാതരം ചർച്ചയുടെ വിഷയത്തിൽനിന്നു മാറി ഖാർഗെ നടത്തിയ പരാമർശങ്ങൾ നീക്കംചെയ്യണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണ (എസ്ഐആർ) ത്തെ വോട്ടർപട്ടികയുടെ ശുദ്ധീകരണമെന്നു വിശേഷിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടർപട്ടികയിൽ നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ചില രാഷ്ട്രീയകക്ഷികൾ എസ്ഐആറിനെ എതിർക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചതിനു പിന്നാലെയായിരുന്നു ഗുജറാത്തിലെ കച്ചിൽ നടന്ന അതിർത്തി സുരക്ഷാസേനയുടെ (ബിഎസ്എഫ്) 61-ാമത് സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കവെ അമിത് ഷായുടെ പരാമർശങ്ങൾ.
നുഴഞ്ഞുകയറ്റം തടയേണ്ടത് രാജ്യസുരക്ഷയ്ക്കും ജനാധിപത്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണെന്നു വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വൻ വിജയം നുഴഞ്ഞുകയറ്റക്കാർക്കെതിരായ ശക്തമായ പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞു.
ചില രാഷ്ട്രീയകക്ഷികൾ നുഴഞ്ഞുകയറ്റക്കാർക്കെതിരേയുള്ള പ്രചാരണത്തെ ദുർബലപ്പെടുത്തുകയാണ്. എന്നാൽ, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കലാപവിരുദ്ധ പ്രവർത്തനങ്ങളിലും നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും ബിഎസ്എഫിന്റെ പങ്കിനെ പ്രശംസിച്ച ആഭ്യന്തരമന്ത്രി അടുത്ത വർഷം മാർച്ച് 31ഓടെ രാജ്യത്തെ നക്സൽ പ്രശ്നം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉത്തരവാദികൾ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും ഏറ്റവും കഠിനമായ ശിക്ഷ അവർക്കു നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിലും ജമ്മുകാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിലും ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഫോടനത്തിന് പിന്നിലുള്ളവരെ പാതാളത്തിൽ നിന്നാണെങ്കിലും കണ്ടെത്തും. അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകും. അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കും.-അമിത് ഷാ പറഞ്ഞു.
വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, ജമ്മുകാഷ്മീര്‍, ലഡാക്ക്, ചണ്ഡീഗഡ് എന്നിവയാണ് നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നവ.
മുഖ്യമന്ത്രിമാരായ നയാബ് സിംഗ് സൈനി (ഹരിയാന), സുഖ്വീന്ദര് സിംഗ് സുഖു (ഹിമാചല്‍ പ്രദേശ്), ഭഗവന്ത് മന് (പഞ്ചാബ്), ഭജന്‍ ലാല്‍ ശര്‍മ (രാജസ്ഥാന്), രേഖ ഗുപ്ത (ഡല്‍ഹി), ഒമര്‍ അബ്ദുള്ള (ജമ്മുകാഷ്മീര്‍) എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എൽഎൻജെപി ആശുപത്രിയിലെത്തിയാണ് അമിത് ഷാ പരിക്കേറ്റവരെ കണ്ടത്ത്. ഉന്നത ഉദ്യോഗസ്ഥരും അമിത് ഷായ്ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സ്ഫോടനസ്ഥലവും അമിത് ഷാ സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ചകൾ നടത്തിയിരുന്നു.
അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എൽഎൻജെപി ആശുപത്രി അധികൃതർ അറിയിച്ചു.
National
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് ബിഹാറിനു മുന്നിൽ വയ്ക്കുന്നത് മോദി-നിതീഷ് വികസന കൂട്ടുകെട്ട്, ജംഗിൾ രാജിലേക്കു മടക്കിക്കൊണ്ടുപോകുന്ന പ്രതിപക്ഷം ഇതിലൊന്നിന്റെ തെരഞ്ഞെടുപ്പാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിന്റെ ഭാവി ആരെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.
ഒരു വശത്ത് ‘ജംഗിൾരാജ്’ കൊണ്ടുവന്നവർ. മറുവശത്ത് വികസനം കൊണ്ടുവന്ന പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന കൂട്ടുകെട്ട്- അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ മൂലം ഓൺലൈനായി ഗോപാൽഗഞ്ച്, സമസ്തിപുർ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ അധികാര യാത്ര നടത്തിയ രാഹുൽ ഗാന്ധി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ഷാ ആരോപിച്ചു. രാഹുൽ ഗാന്ധി ഇഷ്ടമുള്ളത്ര യാത്രകൾ നടത്തട്ടെ. ഓരോ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നും പുറത്താക്കും. രാജ്യത്തുടനീളം എസ്ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: തെരഞ്ഞെടുപ്പിനുശേഷം ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സ്ഥാനം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൗധരിയുടെ മണ്ഡലമായ താരാപുരിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
നിതീഷ്കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമോ എന്ന കാര്യത്തിൽ ബിജെപി വ്യക്തമായ അഭിപ്രായം പറയാത്ത സാഹചര്യത്തിൽ അമിത് ഷായുടെ പ്രസ്താവന അഭ്യൂഹങ്ങൾ ഉയർത്തുകയാണ്. ജെഡി-യുവിലും ആർജെഡിയിലും പ്രവർത്തിച്ച സമ്രാട്ട് ചൗധരി ബിജെപിയിലെത്തിയതോടെ സമുന്നത നേതാവായി ഉയർന്നു.
യാദവർ കഴിഞ്ഞാൽ ഏറ്റവും വലിയ ഒബിസി വിഭാഗമായ കുശ്വാഹയിൽപ്പെട്ടയാളാണ് ചൗധരി. കുശ്വാഹ വിഭാഗത്തിന്റെ പിന്തുണ തേടാനാണ് ചൗധരിക്കു ബിജെപി പ്രാധാന്യം നല്‍കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ചൗധരി ഒരു ദശകത്തിനുശേഷമാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്.
National
ന്യൂഡൽഹി: സോണിയ ഗാന്ധി, മകൻ രാഹുലിനെ പ്രധാനമന്ത്രിയാക്കാനും ലാലുപ്രസാദ് യാദവ് മകൻ തേജസ്വിയെ മുഖ്യമന്ത്രിയാക്കാനും ആഗ്രഹിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര, നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനുള്ള യാത്രയാണെന്നും ഷാ ആരോപിച്ചു.
എൻഡിഎ സർക്കാർ നിരോധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) അംഗങ്ങൾ ജയിലിൽനിന്നു പുറത്തുവരാൻ അനുവദിക്കില്ലെന്നും ബിഹാറിലെ ബെഗുസാരായിയിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ആർജെഡിയുടെ മഹാസഖ്യം അധികാരത്തിലെത്തിയാൽ പിഎഫ്ഐ അംഗങ്ങൾ ജയിലിൽ തുടരുമെന്ന് കരുതുന്നുണ്ടോയെന്നും ഷാ ചോദിച്ചു.
ലാലുപ്രസാദും സോണിയ ഗാന്ധിയും കുടുംബരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിഹാറിലെ ദർഭംഗയിൽ നടന്ന റാലിയിൽ ഷാ ആരോപിച്ചു. ഈ രണ്ടു സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്നില്ലെന്നു മനസിലാക്കാതെയാണെന്ന് ഇവരുടെ മോഹം.
മഹാസഖ്യത്തിലെ രണ്ട് ഉന്നത നേതാക്കളും സ്വന്തം മക്കളെ അധികാരത്തിലെത്തിക്കാനാണു ശ്രമിക്കുന്നത്. മഹാഗഡ്ബന്ധൻ അല്ല മറിച്ച് ‘തഗ് ബന്ധൻ’ ആണ്. ലാലുപ്രസാദ് നിരവധി അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. 12 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളിൽ കോണ്‍ഗ്രസ് ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിൽ എൻഡിഎ സഖ്യം പഞ്ചപാണ്ഡവന്മാരാണ്. സംസ്ഥാനത്ത് കാട്ടുഭരണം തിരിച്ചു വരുന്നതു തടയാനുള്ള തെരഞ്ഞെടുപ്പാണിത്. ബാബു ജഗജീവൻ റാം പ്രധാനമന്ത്രിയാകുന്നതു തടഞ്ഞ കോണ്‍ഗ്രസിന്റെ യഥാർഥ മുഖം ആളുകൾ കണ്ടതാണെന്നും ഷാ കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് ഊന്നുവടിയുടെ ആവശ്യമില്ലെന്നും സ്വന്തം കാലിലാണു നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി അമിത് ഷാ.
ബൈനോക്കുലറിന്റെ സഹായത്തോടെ നോക്കിയാൽ പോലും കാണാൻ സാധിക്കാത്ത പ്രതിപക്ഷത്തെ, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും പാർട്ടി പ്രവർത്തകരോട് അദ്ദഹം പറഞ്ഞു.
ബിജെപിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് പ്രതിപക്ഷത്തിനെതിരേ അമിത് ഷാ ആഞ്ഞടിച്ചത്.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല.
മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും ഡൽഹിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികൾ ആക്ടിംഗ് പ്രധാനമന്ത്രിയുടേത് പോലെയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായിൽ അമിതമായി വിശ്വാസമർപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും മമത പറഞ്ഞു.
ഇതെല്ലാം അമിത് ഷായുടെ കളിയാണ്. മോദിക്ക് എല്ലാം അറിയാം. എന്നാൽ, അമിത് ഷായെ വിശ്വസിക്കരുത്. ഒരുനാൾ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്ന് കോൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു.
15 ദിവസത്തിനകം വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ നിർദേശപ്രകാരമാണിതെന്നും മമത ആരോപിച്ചു.
Kerala
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എസ്. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
NRI
ന്യൂഡൽഹി: ഡൽഹി സാക്കിര്‍ ഹുസൈന് കോളജിലെ മലയാളി വിദ്യാർഥികളെ അക്രമികളും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക, വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ പിന്തുണ നൽകുക, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ടിരിക്കുന്ന നിവേദനത്തിന്റെ പകർപ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും അയച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.
2018ല്‍ നടത്തിയ പ്രസംഗത്തിലെ കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി അധ്യക്ഷനാകാം എന്ന പരാമര്‍ശമാണ് വിവാദമായത്. ഈ പരാമര്‍ശം ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ഇന്നലെ രാവിലെ 11ന് തൈക്കാടുള്ള മാരാർജി ഭവനിലെത്തിയ അമിത് ഷാ അവിടെ പ്രത്യേകം തയാറാക്കിയ പന്തലിലെത്തി ബിജെപി നേതാക്കളെ കണ്ടശേഷം പാർട്ടി പതാക ഉയർത്തി. തുടർന്ന് ഓഫീസിനു മുന്നിൽ കണിക്കൊന്ന തൈ നട്ടു. ഇതിനുശേഷം ഓഫീസ് ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പിന്നീടു നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഓഫീസിനുള്ളിൽ ദീനദയാൽ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമകൾക്കു മുന്നിൽ അമിത്ഷാ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയ ശേഷം ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ചിരുന്ന കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർഡ് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുന്നതിനായി പുത്തരിക്കണ്ടം മൈതാനത്തേക്കു പോയി.
ഒ. രാജഗോപാൽ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻമാസ്റ്റർ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ തുടങ്ങിയവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Kerala
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നൊരുക്കങ്ങൾക്കു രൂപംനൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 നു കേരളത്തിലെത്തും. സംസ്ഥാനത്തെ ഏഴു റവന്യൂ ജില്ലകളിലെ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
തൃശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിതകേരളം എന്ന ആശയം താഴെത്തട്ടിൽ എത്തിക്കാൻ പാർട്ടി പരിപാടികൾക്കു രൂപംനൽകിയതായി ജനറൽ സെക്രട്ടറി പറഞ്ഞു. ഓരോ വാർഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയാറാക്കും. ഓഗസ്റ്റ് ഒന്നുമുതൽ 10 വരെ വാർഡ് സമ്മേളനങ്ങൾ സംഘടിപ്പിക്കും.
15 ന് എല്ലാ വാർഡുകളിലും സ്വാഭിമാനത്രിവർണറാലികൾ നടത്തും.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന പ്രസ്താവന വിവാദമായതിനു ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ ഭാഷകളെ ജനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടിമത്ത മനോഭാവം മാറുന്നതിന് സ്വന്തം ഭാഷയിൽ ഒരാൾ അഭിമാനിക്കേണ്ടത് അനിവാര്യമാണെന്നാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. രാജ്യത്തെ സംബന്ധിച്ചു ഭാഷയെന്നത് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല; മറിച്ച്, രാജ്യത്തിന്റെ ആത്മാവാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പ്രസ്താവനയ്ക്കെതിരേ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി അമിത് ഷാ പ്രസ്താവനകൾ നടത്തുന്നത്. നമ്മുടെ സ്വന്തം ഭാഷകളിലൂടെയല്ലാതെ ചരിത്രവും സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നതിനുള്ള മാർഗമായി മുൻകാലങ്ങളിൽ ഭാഷ ഉപയോഗിച്ചിരുന്നുവെന്നും അത്തരം ശ്രമങ്ങൾ വിജയിച്ചില്ലെന്നും രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമമായി ഇന്ത്യൻ ഭാഷകൾ മാറാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല; സുഹൃത്താണ്. ഒരു വിദേശഭാഷയെയും എതിർക്കാൻ പാടില്ലെന്നും എന്നാൽ നമ്മുടെ ഭാഷകൾ മഹത്വവത്കരിക്കുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
വിദേശഭാഷകളുടെ സ്വാധീനത്തിൽനിന്ന് ഭരണസംവിധാനത്തെ മോചിപ്പിക്കുന്നതിനു കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ "ഭാരതീയ ഭാഷാ അനുഭാഗിനെ’ (ഇന്ത്യൻ ഭാഷാ വിഭാഗം) പ്രശംസിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകൾ.
പരമാവധി ഭരണനിർവഹണം ഇന്ത്യൻ ഭാഷകളിലാക്കാനും മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ അതാത് സംസ്ഥാനത്തിന്റെ ഭാഷകളിൽ പഠിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുമെന്നും ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾ നിലവിൽ നിരവധി പ്രാദേശിക ഭാഷകളിൽകൂടി സംഘടിപ്പിക്കാറുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ലജ്ജാകരമെങ്കിൽ മന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് കോണ്‍ഗ്രസ്. ഇംഗ്ലീഷ് ലജ്ജാകരമാണെങ്കിൽ കേന്ദ്രമന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും യുവനേതാവുമായ കനയ്യ കുമാർ വിമർശനമുന്നയിച്ചു. പല കേന്ദ്രമന്ത്രിമാരുടെയും മക്കൾ വിദേശ സർവകലാശാലകളായ ഓക്സ്ഫഡിലും കേംബ്രിജിലും പഠിക്കുന്നതെന്നും കനയ്യ ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് അറിവിനു വിരോധമാകുന്നതെന്നും എ.ബി. വാജ്പേയിക്കു നിരവധി ഭാഷകൾ അറിയാമായിരുന്നുവെന്നും കനയ്യ ചൂണ്ടിക്കാട്ടി.